
തഞ്ചാവൂര്‍ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.
10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
കളിമേട് 94ാമത് അപ്പർഗുരു കോവിലിലായിരുന്നു ചിത്തിര മഹോൽസവം. സംഭവത്തിൽ തേർ പൂർണമായും കത്തിനശിച്ചു.
ബുധനാഴ്ച പുലർച്ച ജനം വടംവലിച്ച് വൈദ്യുതി ഹൈടെൻഷൻ കമ്പിയിൽ തേരിന്റെ ഒരു ഭാഗം ഉരസിയപ്പോഴാണ് ഷോക്കേറ്റത്.
പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപടമുണ്ടായത്. രഥം വലിക്കുന്നതിനിടെ ക്ഷേത്രത്തിന്റെ നടവഴിയിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. രഥഘോഷയാത്രയ്ക്ക് അഗ്നിരക്ഷാസേനയുടെയോ പൊലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

