
ഹനുമാൻ ജയന്തി ദിനമായ ഇന്ന് 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങിൽ സംബന്ധിക്കുക.
ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് ഈ പ്രതിമ നിർമ്മിച്ചത്. ഹനുമാൻജി 4 ധാം പദ്ധതിയുടെ ഭാഗമായി രാജ്യത്തെ നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലുള്ളത്. മോർബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
വടക്ക് ഷിംലയിലാണ് ആദ്യ പ്രതിമ 2010ൽ സ്ഥാപിച്ചത്. രണ്ട് വർഷം കൊണ്ട് രാജസ്ഥാനിൽനിന്നുള്ള ശില്പികളാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്നാമത്തെ പ്രതിമയുടെ പണി രാമേശ്വരത്ത് ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതിന്റെ തറക്കല്ലിടൽ ഈ വർഷം ഫെബ്രുവരി 23ന് കഴിഞ്ഞതാണ്. ഹരീഷ് ചന്ദർ നന്ദ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ് പ്രതിമ നിർമ്മിക്കുന്നത്.