
കോഴിക്കോട് ചെറുവണ്ണൂരിൽ ഫൈൻ അടക്കാനെന്നും പറഞ്ഞ് പോലീസ് വീട്ടിൽ നിന്നും ഇറക്കികൊണ്ടുപോയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ രാത്രി ഒൻപത് മണിയോടെ വയനാട്ടിൽ ഓവർസ്പീഡിൽ വണ്ടി ഓടിച്ച് പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ലെന്ന പേരിൽ കേസുണ്ടെന്ന് പറഞ്ഞാണ് നല്ലളം പോലീസ് ഇയാളെ കൊണ്ടുപോയത്. അതിന് 500 രൂപ പിഴയൊടുക്കണമെന്നും പറഞ്ഞു കൊണ്ടുപോയ യുവാവിനെ പിന്നീട് അത്യാസന്ന നിലയിൽ വഴിയരികിൽ കണ്ടെത്തുകയായിരുന്നു.
ജിഷ്ണു വീണു പരിക്കേറ്റതാണോ എന്നറിയാൻ പോലീസ് സംഘം നാളെ സംഭവസ്ഥലം സന്ദർശിക്കാനിരിക്കുകയാണ്. എന്നാൽ ഈ സ്ഥലത്തു നിന്നും ഇങ്ങനെ സംഭവിക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്. അപകടത്തിലാണെന്ന് വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിയെങ്കിലും നാട്ടുക്കാരൊഴികെ പോലീസുക്കാരാരും ഉണ്ടായിരുന്നില്ലെന്ന് പരാതി ഉയർന്നു.