
തൃശൂർ പാലക്കാട് റൂട്ടില്‍ ഇന്ന് മുതല്‍ സ്വകാര്യ ബസുകൾ സര്‍വീസ് നടത്തില്ല. പന്നിയങ്കര ടോള്‍ പ്ലാസയിലെ അമിത നിരക്കില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ സര്‍വീസ് നിർത്തുന്നത്.
അതേസമയം, സംയുക്തസമരസമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകും.
പന്നിയങ്കരയില്‍ പുതുക്കി നിശ്ചയിച്ച ടോള്‍ നിരക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്തതെന്നാണ് ബസ് ഉടമകളുടേയും ജീവനക്കാരുടെയും നിലപാട്. വിഷയത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാനുളള കടുത്ത തീരുമാനത്തിലേക്ക് സംയുക്തസമരസമിതി എത്തിയത്.
കഴിഞ്ഞദിവസങ്ങളിൽ ടോള്‍ ബാരിക്കേഡ് തകര്‍ത്ത് കടന്നുപോയ ബസുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിഷയം പരിഹരിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാണ്. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട് ബസ് ഉടമകളും ജീവനക്കാരും.