
പാലക്കാട്: എലപ്പുള്ളിയിൽ മൂന്ന് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ കുറ്റസമ്മതം.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് സമ്മതിച്ച ആസിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകൻ മുഹമ്മദ് ഷാനിനെയാണ് ഇന്നലെ രാവിലെ ഒമ്പതരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ കുഞ്ഞിന് കഴിക്കാൻ ഭക്ഷണം നൽകിയിരുന്നതായും പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് അമ്മ ആദ്യം പറഞ്ഞിരുന്നത്. ഇത്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങിക്കാണുമെന്നും ആസിയ ബന്ധുക്കളോട് പറഞ്ഞിരുന്നു.
എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ് മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു.
കഴുത്തിൽ ഞെരിച്ചതിന്റെ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്തു ഉപയോഗിച്ചാണ് ഞെരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയതോടെ കൊലപാതകത്തിന് കസബ പൊലീസ് കേസെടുത്ത് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഒരുവർഷത്തോളമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന ആസിയ ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം.