
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരില്‍ കൂട്ടബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി.
2015-ലാണ് ഇവര്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ഇവര്‍ നീതിക്കായി മുട്ടാത്ത വാതിലുകള്‍ ഇല്ല. മുന്‍പ് പുറത്തുവിട്ട വീഡിയോയില്‍, ഇവര്‍ താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.
ഹാറൂൺ റഷീദ്, മാമൂൺ റഷീദ്, ജമീൽ ഷാഫി, വഖാസ് അഷ്റഫ്, സനം ഹാറൂൺ എന്നിവരും മറ്റ് മൂന്ന് പേരുമാണ് തന്നെ ഉപദ്രവിച്ചത് എന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
“ഞങ്ങളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ഈ വീഡിയോയിലൂടെ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു”. എന്റെ കുട്ടികളുടെ ജീവന് അപകടത്തിലാണ്. പോലീസില്‍ നിന്നും പിഒകെയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ചൗധരി താരിഖ് ഫാറൂഖില്‍ നിന്നും ജീവന് ഭീഷണി നേരിടുകയാണ്. ഞങ്ങൾക്ക് അഭയവും സംരക്ഷണവും നൽകണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുകയാണ്- അതിജീവിത പറയുന്നു.
“കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടബലാത്സംഗ ഇരയാണ് ഞാൻ. എനിക്ക് നീതി ലഭ്യമാക്കുന്നതിൽ പാക് അധിനിവേശ കശ്മീരിലെ പോലീസും സർക്കാരുകളും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടു”, വികാരഭരിതമായ വീഡിയോ സന്ദേശത്തിലായിരുന്നു പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പോലീസിനെയും പ്രാദേശിക രാഷ്ട്രീയക്കാരെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവര്‍ക്ക് അതിജീവിത നിരവധി കത്തുകൾ എഴുതിയിരുന്നു. എന്നാല്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.