
ലോക പ്രശസ്തമായ തൃശ്ശൂർ പൂരവും പൂരത്തിലെ മണിക്കൂറുകൾ നീളുന്ന കരിമരുന്ന് പ്രയോഗവും ഇത്തവണ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നത് ഷീനയുടെ പേരിലാകും.
തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ വെടിക്കെട്ടിന് നേതൃത്വം വഹിക്കാൻ ഒരുങ്ങുന്നത്.
തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്നത് വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശി ഷീന സുരേഷ് ആണ്. പൂരത്തിനാവശ്യമുള്ള വെടിക്കോപ്പുകളുടെ നിർമ്മാണം ഇന്ന് മുതൽ തുടങ്ങുകയാണ്.
തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീക്ക് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) വെടിക്കെട്ടിന് ഔദ്യോഗിക അനുമതി നൽകുന്നത്.
സാധാരണയായി സ്ത്രീകൾ പടക്കനിർമാണത്തിൽ ഏർപ്പെടാറുള്ളതാണ്. വിവാഹത്തിന് ശേഷമാണ് എന്നാൽ ഈ മേഖലയിലേക്ക് താൻ സജീവമാകുന്നതെന്ന് ഷീന പറഞ്ഞു. വർഷങ്ങളായി പുരുഷന്മാരുടെ പിന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് ഷീന. ഇപ്പോഴിതാ ഷീന വെടിക്കെട്ട് മുൻനിരയിൽ നിന്ന് നടത്തുന്നു.
തിരുവമ്പാടി ഇത്തരത്തിലൊരു തീരുമാനം അറിയിച്ചപ്പോൾ വളരെയധികം സന്തേഷം തോന്നിയെന്ന് ഷീന പറഞ്ഞു.
മേയ് പത്തിനാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം കൊടിയേറുന്നത്.
കുഴിമിന്നി, ഗുണ്ട്, അമിട്ട് തുടങ്ങി വലിയ തയാറെടുപ്പുകളാണ് ഷീന നടത്തുന്നത്. എന്നാൽ മെയ് 10ന് പൂരനാളിൽ ആകാശത്ത് ഷീന എന്ത് വിസ്മയമാകും ഒരുക്കുകയെന്നത് സസ്പെൻസാണ്. സാമ്പിളിൽ ഇതിന്റെ മിനി പതിപ്പുണ്ടാകും. മെയ് 8നാണ് സാമ്പിൾ വെടിക്കെട്ട്.
രണ്ട് മക്കളാണ് സുരേഷ്-ഷീന ദമ്പതിമാർക്ക്. മകൻ ശ്യാം സുന്ദർ ഐ.ടി.ഐ. മെക്കാനിക്കൽ കോഴ്സ് ചെയ്യുന്നു. മകൾ നാച്ചുറോപതി വിദ്യാർഥിയാണ്.