
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ റെക്കോർഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു വാര്യർ തിരിച്ചറിഞ്ഞു. കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ നാളെ നടക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
“ഒരു പെണ്ണിനെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് താൻ ഈ ശിക്ഷ അനുഭവിക്കുന്നത്” എന്ന ദിലീപിന്റെ ഫോൺ സംഭാഷണമടക്കം ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോകൾ മഞ്ജു വാര്യരെ വരുത്തി സ്ഥിരീകരിക്കുകയായിരുന്നു. ദിലീപിന് പുറമെ അനൂപ്, സുരാജ് തുടങ്ങിയവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാലചന്ദ്രകുമാർ ഹാജരാക്കിയതിൽ രണ്ട് ശബ്ദമൊഴി ഒഴികെ മറ്റൊന്നും തന്റെതല്ലെന്നായിരുന്നു ദിലീപ് മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം മഞ്ജു വാര്യർ തള്ളിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ പുറത്ത് വന്ന ഡിജിറ്റൽ തെളിവുകളിലും മഞ്ജുവിൽ നിന്ന് വ്യക്തത തേടിയിട്ടുണ്ട്.
2012 മുതൽ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുള്ള ഉണ്ടായ വിരോധം ഘട്ടം ഘട്ടമായി മഞ്ജു വാര്യർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ നാളെ വൈകീട്ടോടെ എവിടെ വേണമെന്ന് തീരുമാനിക്കാനിരിക്കെയാണ് മഞ്ജു വാര്യരുടെ മൊഴി വീണ്ടുമെടുത്തത്. സാക്ഷിയായി ഹാജരാകുന്ന സ്ത്രീകളെ പോലീസ് സ്റ്റേഷനുകളിൽ വിളിച്ച് മൊഴിയെടുക്കരുതെന്ന ചട്ടം ഉള്ളതിനാൽ കാവ്യ മാധവൻ നിർദ്ദേശിക്കുന്ന സ്ഥലത്താകും ചോദ്യം ചെയ്യൽ. വധ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവരെ ചോദ്യം ചെയ്യാൻ നാളെ നോട്ടീസ് നൽകും.