
റാഫേൽ സുഗ്നോ ബ്രിഡി എന്നയാളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.
ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ നിരവധി ആളുകൾ അവരുടെ കഴിവുകൾ പലവിധത്തിൽ പ്രകടിപ്പിക്കുന്നതും അതിസാഹസികത കാണിക്കുന്നതും പരിമിതികൾ മറികടക്കുന്നതും നമ്മൾ പലപ്പോഴും കാണാറുണ്ട്, അവയെല്ലാം നമുക്ക് പ്രചോദനമാകാറുമുണ്ട്.
എന്നാൽ ഇപ്പോൾ ലോകത്തിലെ ‘ഏറ്റവും ഉയരത്തിലുള്ള സ്ലാക്ക്ലൈൻ വാക്ക്’ എന്ന ലോക റെക്കോർഡിനുള്ള റാഫേൽ സുഗ്നോ ബ്രിഡി എന്ന യുവാവിന്റെ ശ്രമം ലോകത്തെ അമ്പരപ്പിക്കുന്നു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിൽ അതായത് ഭൂമിയിൽ നിന്ന് 6,236 അടി ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്കിടയിൽ സസ്പെൻഡ് ചെയ്ത സ്ലാക്ക്ലൈനിൽ നഗ്നപാദനായി നടന്നാണ് ബ്രിഡി ലോകത്തെ അൽഭുതപ്പെടുത്തിയത്.
ഗിന്നസ് വേൾഡ് റെക്കോർഡാണ് ബ്രിഡിയുടെ സാഹസിക വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
2021 ഡിസംബർ 2-ന് ബ്രസീലിലെ സാന്താ കാതറിനയിലെപ്രയാ ഗ്രാൻഡെക്ക് മുകളിലൂടെ 18 മീറ്റർ നീളവും 1 ഇഞ്ച് വീതിയുമുള്ള സ്ലാക്ക് ലൈനിലൂടെയാണ് ഇദ്ദേഹം നടന്നിരിക്കുന്നത്. മേഘങ്ങൾക്കിടയിലൂടെ നടന്ന അനുഭവത്തിന്റെ വിസ്മയിപ്പിക്കുന്ന നിമിഷങ്ങളെ പറ്റി ബ്രിഡി വിവരിക്കുന്നുണ്ട്.
ബ്രിഡിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലോക റെക്കോർഡ് സ്വന്തമാക്കിയതിന്റെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. “ഫ്ലോട്ടിംങ് എല്ലായ്പ്പോഴും എന്റെ ഹൈലൈൻ പരിശീലനത്തിനുള്ള ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്നാണ്,” എന്നാണ് ഇവന്റിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.