
വേഷം ന്യൂജെന്‍, ഹെയര്‍സ്റ്റൈലിലും ചുള്ളന്. വേണമെങ്കില്‍ പൊടിമീശക്കാരന് എന്നു പറയാം. പക്ഷേ ചില്ലറക്കാരനാല്ല ഈ യുവാവ്. പ്രായം വെറും 22. ഇത്രയും കാലത്തിനിടയില്‍ ചെയ്തത് മുപ്പതോളം കുറ്റകൃത്യങ്ങള്‍. എല്ലാം ഒന്നൊന്നര കേസുകളും.
വാഹനമോഷണം, കവര്‍ച്ച മുതല്‍ ജയില്‍ചാട്ടം വരെയുള്ള എണ്ണംപറഞ്ഞ കേസുകള്‍. യുവാവിനെ പൊക്കി കേസുകള്‍ പരിശോധിച്ചതോടെ അന്തംവിട്ടിരിക്കുകയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ്. മലപ്പുറം കൊണ്ടോട്ടി കൈതയ്ക്കപറമ്പ് വീട്ടില്‍ റംഷാദിനെയാണ് കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന റംഷാദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. അതോടെ കേസുകളുടെ പട്ടിക നീളും.
ഉടന്‍ കസ്റ്റഡിക്കായി കോടതിയെ സമീപിക്കുമെന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഓട്ടോയുടെ നമ്പറില്‍ സംശയം, പിന്നാലെ കൂടി പൊലീസ് വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഓട്ടോയുടെ നമ്പര്‍ പരിശോധിച്ചത് മുതലാണ് സെന്‍ട്രല്‍ പൊലീസ് റംഷാദിനു മേല്‍ കണ്ണ് വെച്ചത്. ഓട്ടോയില്‍ ഘടിപ്പിച്ചിരുന്ന നമ്പര്‍ ബൈക്കിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് റംഷാദിനെ നിരീക്ഷിച്ച് തുടങ്ങി. ഇതിനിടെ എറണാകുളത്തെ പലവാഹനമോഷണ കേസുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതായി മനസിലായി. ഒടുവില്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് പിടികൂടി. മോഷ്ടിച്ച പെട്ടി ഓട്ടോയുമായുള്ള യാത്രയിലായിരുന്നു റംഷാദ്.
വാഹനമോഷണ കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായി സിറ്റി പൊലീസ് കമ്മിഷനര്‍ സി നാഗരാജു, ഡെപ്യൂട്ടി പൊലീസ് കമ്മിഷനര്‍ കുര്യാക്കോസ് എന്നിവരുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ അസി. കമ്മിഷനര്‍ ജയകുമാര്‍, ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് റംഷാദിനെ അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രേംകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ അഖില്‍, ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് തുടങ്ങിയവരും അന്വേഷണ സംഘാംഗങ്ങളാണ്.
കൂടുതല്‍ കേസുകള്‍ മലപ്പുറത്ത്
റംഷാദിന്റെ കൂടുതല്‍ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 17കേസുകള്‍ നിലവിലുണ്ട്. തിരൂരങ്ങാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. കൂടാതെ കോഴിക്കോട് വെള്ളയില്‍, മെഡിക്കല്‍ കോളജ്, വടകര, മലപ്പുറം, വാഴക്കാട്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലെ കേസുകളിലും പ്രതിയാണ്. മഞ്ചേരി ജയിലില്‍ നിന്ന് രണ്ട്തവണ തടവ് ചാടാന്‍ ശ്രമിച്ച വില്ലന്‍ കൂടിയാണ്.