
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ച് ആരാധാനാലയങ്ങൾ. ആഘോഷങ്ങൾക്കിടയിൽ സുരക്ഷ ഉറപ്പിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ആരാധനാലയങ്ങളുടെ പുറത്തേക്ക് ഉച്ചഭാഷിണികളിലെ ശബ്ദം കേൾക്കരുതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ നിർദേശം. പരമ്പരാഗത മതഘോഷയാത്രകളല്ലാത്ത മറ്റു ഘോഷയാത്രകൾ മാത്രമേ അനുവദിക്കുവെന്നും അനുമതിയില്ലാതെ മതഘോഷയാത്രകൾ സംഘടിപ്പിക്കരുതെന്നും യോഗി ഉത്തരവിട്ടു.
ഇതോടെ 17,000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം കുറയ്ക്കുകയും 125 ഇടങ്ങളിൽ ഇവ പൂർണ്ണമായി നീക്കുകയും ചെയ്തു യുപി ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത്കുമാർ വ്യക്തമാക്കി. പള്ളികളിൽ സമാധാനപരമായി നിസ്കാരം നടത്താനുള്ള സജ്ജീകരണങ്ങളൊരുക്കി. സമാധാന സമിതികളുടെ യോഗം വിളിച്ച് ചർച്ച നടത്തുകയും 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി സംഘർഷവും മറ്റു അനിഷ്ടസംഭവങ്ങളും സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് യുപി സർക്കാരിന്റെ പുതിയ നടപടി.