
ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുഹമ്മദ് ഷമിയുടെ ഓവറിലെ ക്യാച്ച് നഷ്ടപ്പെടുത്തിയ ടീം നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽമീഡിയ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ചെയ്ത ഓവറിലെ ക്യാച്ച് ഷമി നഷ്ടപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് ഷമിയോട് പാണ്ഡ്യ ദേഷ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ടീമിലെ മുതിർന്ന താരത്തിനോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നിങ്ങനെ രൂക്ഷ വിമർശനങ്ങളാണ് അന്ന് പാണ്ഡ്യക്ക് നേരിടേണ്ടി വന്നിരുന്നത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത മത്സരമായ ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തന്നെ ഷമിയുടെ ഓവറിൽ പാണ്ഡ്യ ക്യാച്ച് നഷ്ടപ്പെടുത്തുന്നത്. ക്യാച്ച് നഷ്ടപ്പെട്ടതിലുള്ള നിരാശ ഷമിയുടെ മുഖത്ത് പ്രകടമായിരുന്നെങ്കിലും തിരിച്ച് ദേഷ്യപ്പെട്ടതുമൊന്നുമില്ല. ഈ രണ്ട് സംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് പാണ്ഡ്യക്കെതിരെ വിമർശനമുയരുന്നത്. കളിക്കാർ യന്ത്രങ്ങളല്ലെന്നും മത്സരമായാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അതിന് മാന്യമായി പെരുമാറണമെന്നുമൊക്കെയാണ് പാണ്ഡ്യയോട് സോഷ്യൽ മീഡിയ പറയുന്നത്.