
തൃശൂർ : കൊലപാതകങ്ങളും ഗൗരവമായ കുറ്റകൃത്യങ്ങളും തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ തുടർക്കഥയായതോടെ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ സ്റ്റേഷന്റെ കാലക്കേട് തീരാൻ വാസ്തു വിദഗ്ധന്റെ സഹായം തേടി.
തൃശൂരിലെ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് കാലക്കേട് മാറാൻ പരിഹാര ക്രിയ നടന്നത്. പ്രധാന കവാടത്തിനു മുന്നിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നിൽക്കുന്ന ഇരുമ്പ് തൂണ് വിദഗ്ധന്റെ നിർദേശ പ്രകാരം മാറ്റി സ്ഥാപിച്ചു.
എന്നാൽ ഇതിനുശേഷവും സംഭവബഹുലമായ മറ്റൊരു കൊലപാതകം കൂടി സ്റ്റേഷൻ പരിധിയിൽ നടന്നു. കൊലപാതകം ഉൾപ്പെടെ സ്റ്റേഷൻ പരിധിയിൽ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതാണ് പൊലീസിന് ആശ്വാസം.
ഡിസംബർ 5 മുതൽ കഴിഞ്ഞ മാസംവരെ സ്റ്റേഷൻ പരിധിയിൽ നടന്നത് നാലു കൊലപാതകങ്ങളാണ്. ജോലിഭാരം കൂടിയതോടെ പൊലീസുകാരെല്ലാം കടുത്ത മാനസിക സമ്മർദത്തിലായി. ഇതേ തുടർന്നാണു ചില ഉദ്യോഗസ്ഥർ വാസ്തു വിദഗ്ധനെ സമീപിക്കാൻ തീരുമാനിച്ചത്.
15 വർഷം മുൻപ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷൻ പരിധിയിൽ പതിവായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇതേ വളപ്പിൽ സ്റ്റേഷൻ കെട്ടിടത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.