
കൊവിഡ് മഹാമാരിയുടെ പ്രാരംഭത്തില്‍ മാർക്കറ്റ് വിപണിയിൽ ലഭ്യമായ വിലയെക്കാളും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്ത്. 450 രൂപയ്ക്ക് വാങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ 1550 രൂപ നൽകി സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങുകയുണ്ടായി.
കൊവിഡ് വരുന്നതിന് വര്‍ഷങ്ങൾ മുമ്പ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്തു വന്നത് കെയ്റോണ്‍ എന്ന കമ്പനി ആയിരുന്നു. കൊച്ചി ആസ്ഥാനമായ ഇവരുടെ കമ്പനി 450 രൂപയ്ക്കായിരുന്നു പിപിഇ കിറ്റ് കൊടുത്തിരുന്നത്. 2020 മാര്‍ച്ച് 29 നാണ് കെയ്റോണിൽ നിന്നും കിറ്റ് വാങ്ങുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം, 2020 മാര്‍ച്ച് 30 ന് 1550 രൂപ നൽകി സാന്‍ഫാര്‍മയില്‍ നിന്നാണ് കിറ്റ് വാങ്ങിയത്.
മൂന്നിരട്ടി വില നൽകി പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആര്‍ക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായി നടത്തുന്ന ഇടപാടുകൾ തുടക്കം മുതല്‍ ദുരൂഹവുമാണ്. ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസ്സാക്കിയ രേഖകൾ പുറത്ത് വന്നിട്ടുമുണ്ട്.