
ബിജെപിയുടെ ന്യൂനപക്ഷവേട്ടക്ക് ഇരയായ ഡൽഹിയിലെ ജഹാംഗിർപുരിയിലുള്ള മുസ്‌ലിംകളെ വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ തടവറയിൽ പൂട്ടിയിട്ട അവസ്ഥയാണ്. സ്ഥലത്തെ പൊളിക്കുന്ന നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് സി ബ്ലോക്ക് നിവാസികൾ മനുഷ്യത്വരഹിതമായ ഇത്തരം അക്രമത്തിന് ഇരയാകുന്നത്. ജോലിക്കുപോകാനോ മക്കളെ പഠിക്കാൻ സ്കൂളിൽ വിടാനോ ആരെയും അനുവദിക്കുന്നില്ല. നോമ്പ് തുറ സമയത്തേക്ക് പോലും പുറത്തിറങ്ങി വെള്ളവും ഭക്ഷണവും വാങ്ങാൻ കഴിയുന്നില്ല. അവശ്യസാധനങ്ങൾ എത്തിച്ച് നൽകുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.
അവർ ഉള്ള ബ്ലോക്കുകളിലേക്ക് കച്ചവടക്കാർ വെള്ളമെത്തിച്ച് നൽകുന്നുണ്ടെങ്കിലും അവർ അമിതവിലയാണ് ഈടാക്കുന്നത്. കുടിവെള്ള വിതരണവും വൈദ്യുതിയും കോർപറേഷൻ വിച്ഛേദിച്ചു. ശുചിമുറികൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. അക്രമങ്ങൾ ഒഴിവാക്കാനാണ് സി ബ്ലോക്ക് പൂട്ടിയതെന്നാണ് പൊലീസ് ന്യായീകരിക്കുന്നത്.
ഇവിടെയുള്ളവർ ബംഗ്ലാദേശികളും രോഹിൻഗ്യൻ അഭയാർഥികളുമാണെന്ന് ബിജെപി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഈ പ്രസ്താവന പ്രദേശവാസികൾ തള്ളി. പതിറ്റാണ്ടുമുമ്പ് ബംഗാളിൽനിന്ന് കുടിയേറിയവർക്ക് അധികൃതർ രേഖ നൽകിയിരുന്നു. നേരത്തെ അറസ്റ്റിലായ പത്തൊമ്പത് വയസ്സുള്ള ഷക്കീറിന്റെ കുടുംബം ഇത്തരത്തിൽ എത്തിയതാണ്. തങ്ങൾ കുടിയേറ്റക്കാരാണെങ്കിൽ ഈ രാജ്യത്ത് ഇത്രയുംകാലം എങ്ങനെ ജീവിക്കാനായി എന്ന് അവർ ചോദിക്കുന്നു. സി ബ്ലോക്കിൽ30 വർഷമായി എല്ലാ രേഖകളോടെയും താമസിക്കുന്ന മുഹമ്മദ് ഹുസൈന്റെ വീടും ബുൾഡോസർ കൊണ്ട് അവർ തകർത്തു. കോർപറേഷൻ നൽകിയ രേഖ കാണിച്ചിട്ടും രോഗിയായ ഭർത്താവിനെയും കുടുംബത്തെയും പോറ്റാൻ നാൽപ്പതുകാരിയായ റിഹാന ബീബി നടത്തിയ ചെറുഭക്ഷണ സ്റ്റാളും ഇടിച്ചുനിരത്തി.