
പാസഞ്ചര്‍, മെയില്‍, എക്സ്പ്രസ് അടക്കം 657 ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മെയ് 24 വരെ 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്.
കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.
രാജ്യത്തെ കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്നാണ് കെഎസ്ഇബി ചെയര്മാന് വിലയിരുത്തുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തില്‍ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.
കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതല്‍ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെയും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുകത്തിയിരുന്നു.
അതേസമയം, നടപടി താത്കാലികമാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാലുടൻ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് കൃഷ്ണ ബൻസാൽ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കൽക്കരി വൈദ്യുത നിലയങ്ങളിലേക്ക് എത്താന്‍ എടുക്കുന്ന സമയം കുറയ്ക്കാൻ റെയില്‍വേ ശ്രമിക്കുകയാാണ്, അദ്ദേഹം പറഞ്ഞു.
അതേ സമയം കൽക്കരി ക്ഷാമം മൂലം രാജ്യം മുഴുവൻ വൈദ്യുതി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ കേന്ദ്രം കൂടുതൽ കൽക്കരി നൽകുകയെന്നതാണ് പ്രതിസന്ധിയെ നേരിടാനുള്ള മികച്ച പരിഹാരം എന്ന് ദില്ലി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ വെള്ളിയാഴ്ച പറഞ്ഞു. അടുത്ത 21 ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് ദില്ലിയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച ദില്ലി സെക്രട്ടേറിയറ്റിൽ കൽക്കരി ക്ഷാമം സംബന്ധിച്ച് അടിയന്തര യോഗം ചേർന്ന ജെയിൻ താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ കൽക്കരി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി.
ദാദ്രി, ഉഞ്ചഹാർ താപവൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണത്തിലെ തടസ്സം ദില്ലി മെട്രോ, ആശുപത്രികൾ, ദേശീയ തലസ്ഥാനത്തെ മറ്റ് പ്രധാന സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള 24 മണിക്കൂറും വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന് ദില്ലി സർക്കാർ അറിയിച്ചു. നാഷണൽ പവർ പോർട്ടലിന്റെ പ്രതിദിന കൽക്കരി റിപ്പോർട്ട് പ്രകാരം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) പല തപനിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷമാണ്.
അതേ സമയം വെള്ളിയാഴ്ച പഞ്ചാബ് വൈദ്യുതി മന്ത്രി ഹർഭജൻ സിങ്ങിന്റെ വസതിക്ക് പുറത്ത് വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ഉയർന്നു. ബിഹാറിലെ വൈദ്യുതി മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവും കൽക്കരി ക്ഷാമം വലിയ പ്രശ്നമാണെന്നാണ് പറയുന്നത്. 1000 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്നും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.