
കാക്കനാട്: യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. വാടാനപ്പള്ളി എച്ച്.എസ് റോഡിൽ ഷഫീഖാണ് (43) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
അടുക്കള ജോലിക്കെത്തിയ തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കാക്കനാട്ട് ഇയാൾ നടത്തിയിരുന്ന ഹോട്ടലിൽ ജോലി ചെയ്യുന്നതിന് കൊണ്ടുവന്ന യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തേവക്കൽ ഭാഗത്ത് ഇവർക്ക് താമസ സൗകര്യം ഒരുക്കി ഇവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായ വിവരമറിഞ്ഞ ഷഫീഖ് ഇവരെ സംരക്ഷിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെ യുവതി വാടാനപ്പിള്ളി പൊലീസിലും പിന്നീട് തൃക്കാക്കര പൊലീസിലും പരാതിയുമായി എത്തുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോയമ്പത്തൂരിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്ന ഷഫീഖിനെ തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എ.എസ്.ഐ ഗിരീഷ് കുമാർ, സി.പി.ഒ ജാബിർ, രഞ്ജിത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പിടികൂടിയത്.