
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഹിന്ദു പുരോഹിതൻ. ഉത്തർപ്രദേശിൽ സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ നടത്തിയ സംസാരമാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.
കാവി വസ്ത്രധാരിയായ ഒരാൾ ജീപ്പിനുള്ളിൽ നിന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. കൂടെ പോലീസ് യൂണിഫോമിൽ ഒരാളെ ഇയാൾക്ക് പിറകിലായും കാണാം. വർഗീയവും പ്രകോപനപരവുമായ ഇയാളുടെ പരാമർശങ്ങളെ ജയ് ശ്രീറാം വിളിയോടെയാണ് ആൾക്കൂട്ടം പ്രോത്സാഹിപ്പിക്കുന്നത്.
തനിക്കെതിരെ വധഗൂഢാലോചന നടത്തുകയും ഇതിനായി 28 ലക്ഷം രൂപ സമാഹരിച്ചതായും പുരോഹിതന് പ്രസംഗത്തിൽ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് അയാൾ പറയുന്നു. വലിയ ആഹ്ലാദത്തോടെയും ആരവത്തോടെയുമാണ് ആൾക്കൂട്ടം ഈ ഭീഷണിയോട് പ്രതികരിക്കുന്നത്.