
ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമാവാത്തതിനാല്‍ മെയ് 2 തിങ്കളാഴ്ച്ച സൗദി അറേബ്യയില്‍ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാനിന്റെ അവസാന ദിവസമാണ് നാളെ.
തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല. തുടർന്നാണ് മെയ് രണ്ട് തിങ്കളാഴ്ച്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്.
സുപ്രീം കോടതിയുടെയും റോയല്‍ കോര്‍ട്ടിന്റെയും അറിയിപ്പുകള് വൈകാതെ ലഭിക്കും. അതേസമയം മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് യുഎഇ മൂണ്‍ സൈറ്റിങ് കമ്മിറ്റി അറിയിച്ചു.
ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്. അതേസമയം ഒമാനിൽ റമദാൻ 29 ഞായറാഴ്ചയായതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും ഇല്ലെങ്കിൽ ചൊവ്വാഴ്ചയുമാകും ഒമാനിൽ പെരുന്നാൾ. മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമാകും.