
പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം. പൊതുചർച്ചയിലാണ് ഡിവൈഎഫ്ഐയുടെ തന്നെ കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം ഉയര്‍ന്നത്. കേന്ദ്ര നേതൃത്വം സമരങ്ങൾ ചെയ്യുന്നില്ലെന്നും മുതിർന്ന സിപിഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐക്ക് ഇല്ലെന്നുമാണ് കുറ്റപ്പെടുത്തിയത്.
കൂടാതെ രണ്ടാം പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു. വൈദ്യുതി, ഗതാഗത വകുപ്പുകളുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വന്ന മറ്റൊരു വിമർശനം. ഇതിലെയെല്ലാം മനേജ്മെൻ്റിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നാണ് കുറ്റപ്പെടുത്തിയത്.
മലപ്പുറത്ത് നിന്നുള്ള ഡിവൈഎഫ്ഐ പ്രതിനിധികൾ പൊലീസിനെ വിമർശിച്ച് മുന്നോട്ട് വന്നു. ലഹരി ഗുണ്ടാ സംഘങ്ങളെ പ്രതിരോധിക്കുന്നതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഒരു മാതൃകയെന്ന് സംസ്ഥന സെക്രട്ടറിയുടെ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ കണ്ണൂരിനെ മാതൃകയാക്കണമെന്ന് ഉപദേശവും നൽകി.
വ്യാഴാഴ്ചയാണ് പതിനഞ്ചാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ തുടക്കമിട്ടത്.