പാലക്കാട് ആദ്യം നടന്ന കൊലപാതകം ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു എന്ന ആരോപണനമുന്നയിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറാണ് ആദ്യം പാലക്കാട് കൊല്ലപ്പെട്ടത്.
സുബൈർ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് സന്ദർശിച്ചിരുന്നു. ഈ സംഭവം നേതൃത്വത്തിന് കൊലപാതകത്തിലുള്ള പങ്ക് ചൂണ്ടിക്കാട്ടുന്നുവെന്നും നേതൃത്വമറിയാതെ അക്രമം നടക്കില്ലെന്നുമാണ് സിപിഎം ആരോപണം. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. കൊല നടത്തിയ സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരിക്കുകയാണെന്നും സുരേഷ് ബാബു ആരോപിച്ചു.
എന്നാൽ സിപിഎം സെക്രട്ടറിയുടെ ആരോപണങ്ങൾ തള്ളികൊണ്ട് കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ആഭ്യന്തര വകുപ്പിലുള്ളവരാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതെന്നും ഇതിന് മറുപടിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും താൻ സന്ദര്‍ശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെയെന്നും സുരേന്ദ്രൻ പ്രതികരിച്ചു.