
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 366 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തത്. നാല് ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡൽഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ കൈക്കൊണ്ടേക്കും.
ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നു. 26,158 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഡൽഹി സര്‍ക്കാറിന്റ പുതിയ നീക്കം. വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഹോം ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിലും 48 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് പരിശോധനയ്ക്ക് വിധേയരാകുന്നത്. സ്‌കൂളുകളിലും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. എന്നാല്‍ കൊവിഡ് കേസ് കണ്ടെത്തിയ ക്ലാസ് മുറി താല്‍ക്കാലികമായി അടച്ചിടണമെന്നും, പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സ്‌കൂൾ മുഴുവനായും അടയ്ക്കാവൂ എന്നുമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്. നിലവില്‍ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.