
ട്വിറ്ററിൽ ഇന്ത്യയെ കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പങ്കുവെച്ച ട്വീറ്റിനെ ചൊല്ലി പോര്. സഹതാരമായ അമിത് മിശ്ര മറുട്വീറ്റുമായി എത്തിയത്തോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇരുതാരങ്ങളുടെയും ആരാധകർ തമ്മിലാണ് എതിർത്തും പിന്തുണച്ചും തർക്കിക്കുന്നത്.
‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…’ എന്ന് അപൂർണമായ വരികളായിരുന്നു പത്താൻ ട്വീറ്റ് ചെയ്തത്. ഇതിനെ ചൊല്ലി ആരാധകർക്കിടയിൽ ചർച്ച നടക്കുന്നതിനിടെയായിരുന്നു അമിത് മിശ്ര റിട്വീറ്റുമായി എത്തിയത്.
ഇർഫാന്റെ വരികൾ പൂരിപ്പിക്കുകയെന്നോണം, ‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു…’ എന്നായിരുന്നു അമിത് മിശ്ര കുറിച്ചത്.
വാക്പോര് കൂടുതൽ എന്ത് അർത്ഥം വെച്ചാണ് ഇരുവരും ട്വീറ്റ് പങ്കുവെച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ടു ട്വീറ്റിനും വ്യത്യസ്ത വ്യാഖ്യാനം നൽകിയ ആരാധകർക്കിടയിൽ വാക്പോര് കൂടുതൽ കനക്കുകയാണ്. പത്താനെ തള്ളും വിധമാണ് അമിത് മിശ്രയുടെ ട്വീറ്റെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, മറിച്ചാണെന്ന് മറ്റു ചിലരും വാദം ഉന്നയിക്കുന്നു.