
ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാൻ കഴിയുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കും. ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
അടുത്ത മാസം പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഉള്ള കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഉപഭോക്താവിൻ്റെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നതിനാലാണ് ഗൂഗിളിന്റെ ഈ തീരുമാനം. വിളിക്കുമ്പോൾ ഫോണിന് മറുവശത്ത് സംസാരിക്കുന്ന വ്യക്തിക്ക് തൻ്റെ സംസാരം റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്നതിന് യാതൊരു സൂചനയും ഇത്തരം ആപ്പുകള്‍ നല്‍കുന്നില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഗൂഗിളിന്റെ ഈ നടപടി.
ഇതിന് മുമ്പ് ആന്‍ഡ്രോയ്ഡ് 6.0 മുതല്‍ ഡെവലപേഴ്സിന് കോള്‍ റെക്കോര്‍ഡിംഗ് ഫംഗ്ഷന് ഫോണിലേക്ക് കൂട്ടിച്ചേര്‍ക്കാനാകുന്ന സംവിധാനം ഗൂഗിള്‍ ഒഴിവാക്കിയിരുന്നു. ആന്‍ഡ്രോയ്ഡ് 10 ആയപ്പോഴേക്കും മൈക്രോഫോണിലൂടെയുള്ള ഇന്‍ കോള്‍ ഓഡിയോ റെക്കോര്‍ഡിംഗും ഗൂഗിള്‍ നിർത്തി. എന്നാല്‍ ആന്‍ഡ്രോയ്ഡ് 9,10 എന്നിവയില്‍ റെക്കോര്‍ഡിംഗ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില പഴുതുകള്‍ ഡെവലപര്‍മാര്‍ കണ്ടുപിടിച്ചു. ഇതിനെ തടയാൻ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിച്ച് വരികയാണ് ഗൂഗിള്‍.