
ഡൽഹി ജഹാംഗിർപുരിയിൽ ചേരി ഒഴിപ്പിക്കലിനിടെ ബുൾഡോസർ തടഞ്ഞുനിർത്തി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. അതിനാടകീയമായി സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പുമായി എത്തിയ ബൃന്ദ കാരാട്ട് ബുൾഡോസറിനു മുന്നിൽ നേരെ കയറി നിന്ന് ഒഴിപ്പിക്കൽ നടപടികൾ തടയുകയായിരുന്നു.
നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ വിന്യസിച്ച സംഘം ഇന്ന് രാവിലെ ഒൻപതരയോടെ സ്ഥലത്തെത്തി. 9 ബുൾഡോസറുകളും വൻ പോലീസ് സന്നാഹവുമായി എത്തിയ സംഘം ഹനുമാൻ ജയന്തിക്കിടെ സംഘർഷം അരങ്ങേറിയ ജഹാംഗിർപുരിയിലെ ചേരി ഒഴിപ്പിക്കൽ തുടങ്ങുകയായിരുന്നു.
അനധികൃത നിർമ്മാണങ്ങൾ എന്ന എംഡിസിയുടെ വാദത്തിൽ പല കടകളും കെട്ടിടങ്ങളും പൊളിച്ചുനീക്കി. നാട്ടുകാർ പുറത്തിറങ്ങാതിരിക്കാൻ ഗലികളെല്ലാം പൊലീസ് പൂട്ടിവയ്ക്കുകയുമുണ്ടായി. ഇതിനിടെ പൊളിക്കൽ നിർത്തിവെക്കണമെന്ന് സുപ്രീം കോടതി വാക്കാൽ നിർദ്ദേശിച്ചെങ്കിലും ഉത്തരവ് നേരിട്ട് ലഭിക്കും വരെ പ്രക്രിയ തുടരുമെന്നായിരുന്നു കോർപ്പറേഷൻ മേയറുടെ പക്ഷം.
മസ്ജിദ് റോഡിന്റെ ഗേറ്റ് കൂടെ അനധികൃത നിർമ്മാണമെന്ന് അവകാശപ്പെട്ട് അധികൃതർ പൊളിച്ചുനീക്കി. ഇതിനിടെയായിരുന്നു സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്. പൊളിക്കൽ നിർത്തിവയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പുമായി ഇവർ നേരെ ബുൾഡോസറിന് മുന്നിലെത്തി പൊളിക്കൽ തടയുകയായിരുന്നു. ശേഷം രേഖാമൂലം മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് കോടതി നിർദ്ദേശം എത്തിയതോടെ ഒരു മണിക്ക് നടപടികൾ നിർത്തിവച്ചു.