
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. വൈദികനായ വിക്ടർ തന്നോട് പണം ആവശ്യപ്പെട്ടതായി ദിലീപ് ആരോപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് അന്വേഷണസംഘം വൈദികനെ ചോദ്യം ചെയ്തത്.
താൻ ജയിലിലായിരുന്നപ്പോൾ തന്നെ സന്ദർശിച്ച ബാലചന്ദ്രകുമാർ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പുമായി സമീപിക്കാമെന്ന് പറഞ്ഞതായും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചു വീട്ടിലെത്തിയ തന്നെ കാണാൻ ബാലചന്ദ്രകുമാറിനോടൊപ്പം വൈദികനായ വിക്ടറും വന്നിരുന്നതായും ദിലീപ് പറഞ്ഞിരുന്നു.
തുടർന്ന് ജാമ്യം ലഭിക്കാൻ സഹായിച്ചത് വൈദികനാണെന്നും അതിന് പണം ആവശ്യപ്പെട്ടെന്നും ദിലീപ് ആരോപണമുന്നയിച്ചിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ടെന്ന ആരോപണം നിഷേധിച്ച വൈദികൻ, പല ആവശ്യങ്ങള്‍ക്കായി ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാറിനോടൊപ്പം പോയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.