
ബൈബിൾ സ്കൂളുകളിലേക്ക് കൊണ്ടുപോകുന്നതിൽ എതിർക്കില്ലെന്ന് രക്ഷിതാക്കളിൽ നിന്നും ഉറപ്പ് വാങ്ങിയ സ്കൂൾ അധികൃതരുടെ നടപടി വിവാദത്തിൽ. ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്കൂളിലാണ് സംഭവം. ബൈബിൾ സ്കൂളിൽ കൊണ്ടുവരുന്നത് എതിർക്കില്ലെന്ന് രക്ഷിതാക്കളിൽ നിന്നും എഴുതിവാങ്ങിയതാണ് വിവാദമായത്.
സ്കൂൾ ഇവർക്ക് നൽകിയ നിർദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് ഹിന്ദു ജനജാഗ്രതി സമിതി അടക്കം നിരവധി ഹിന്ദുത്വ സംഘടനകൾ പ്രധിഷേധത്തിനെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാർഥികളെ ബൈബിൾ വായിക്കാനും പഠിപ്പിക്കാനും നിർബന്ധിക്കുകയാണിതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ പറഞ്ഞു.
‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ സ്വന്തം ധാർമികവും ആത്മീയവുമായ ക്ഷേമത്തിനായി രാവിലെ അസംബ്ലി വേദപാഠ ക്ലാസും ക്ലബുകളും ഉൾപ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുമെന്നും ക്ലാരൻസ് ഹൈസ്കൂളിൽ താമസിക്കുന്ന സമയത്ത് ബൈബിളും സ്തുതിഗീത പുസ്തകവും കൊണ്ടുപോകാൻ എതിർക്കില്ലെന്നും സത്യം ചെയ്യുന്നു’-ഇതായിരുന്നു പ്രവേശന സമയത്ത് മാതാപിതാക്കളിൽ നിന്ന് വാങ്ങിയ പ്രതിജ്ഞയുടെ ഉള്ളടക്കം. സ്കൂളിൽ ബൈബിൾ അധിഷ്ഠിത വിദ്യാഭ്യാസമാണ് നൽകുന്നത് എന്നായിരുന്നു സ്കൂൾ അധികൃതർ നൽകിയ മറുപടി.