
സിൽവർ ലൈൻ സംവാദം വീണ്ടും അനിശ്ചിതത്വത്തിൽ. സംവാദത്തിൽ ഉപാധികൾ വച്ച് സിസ്ട്രയുടെ മുൻ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ.
സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദമാണ് അനിശ്ചിതത്വത്തിൽ ആയത്.
സംവാദത്തിനുള്ള ക്ഷണക്കത്ത് അയയ്ക്കേണ്ടത് സർക്കാരാണ്. കെ. റെയിൽ അല്ല. ക്ഷണക്കത്തിലെ ഭാഷ ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്തയച്ചു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമയ്ക്ക് അതൃപ്തിയുണ്ട്.
സംവാദം നടത്തുന്നത് സർക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സർക്കാർ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തന്നെ ക്ഷണിച്ചത് കെ റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയും അലോക് വർമ്മ കത്തിൽ സൂചിപ്പിക്കുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ പദ്ധതിയെ എതിർക്കുന്നവർക്ക് കടുത്ത അമർഷമുണ്ട്. ക്ഷണിച്ച ശേഷം കാരണം വ്യക്തമാക്കാതെ ഒഴിവാക്കിയതിലാണ് എതിർപ്പ്. സർക്കാരും കെ റെയിലും ഇപ്പോഴും അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കുന്നില്ല.