
ആരാധകരുടെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് പ്രശസ്ത ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായി. മുംബൈയിലെ രൺബീറിന്റെ വസതിയിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അല്പസമയം മുൻപായിരുന്നു വിവാഹ ചിത്രങ്ങൾ പുറത്തുവിട്ടത്.
വെളുത്ത ലഹങ്ക അണിഞ്ഞ ആലിയ നവവധു വേഷത്തിൽ തിളങ്ങി. വെള്ള നിറത്തിലുള്ള സൽവാർ സ്യുട്ടായിരുന്നു രൺബീറിന്റെ വേഷം. വിവാഹചിത്രങ്ങൾ ആലിയ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ചടങ്ങുകൾക്ക് ശേഷം ഇരുവരും രൺബീറിന്റെ പാർലി ഹിൽ വസതിയ്ക്കു പുറത്തെത്തി തങ്ങളുടെ ആരാധകരെ കണ്ടു.
നാല്പതോളം പേർ മാത്രമടങ്ങിയ ലഘുവായ ചടങ്ങിൽ ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളു. സിനിമാ ഇൻഡസ്ട്രിയിലെ തങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി മറ്റൊരു റിസപ്ഷൻ പിന്നീട് സംഘടിപ്പിക്കുമെന്നാണ് വിവരം. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ബ്രഹ്മാസ്ത്രയാണ് ഇരുവരുടേതുമായി പുറത്തുവരാനിരിക്കുന്ന ചിത്രം.