
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നത്.
കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നിലവില്‍ കാവ്യ മാധവന്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് വിവരം.
അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15 ന് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര് കണ്ടെത്തി.
കേസില്‍ അതിജീവിതയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍ തീരുമാനിച്ചത്. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.
പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്‍റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. എന്നെ ആക്രമിച്ച കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ കൗൺസിലിനെ സമീപിച്ചത്.
സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ പറയുന്നു. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു.