
ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി സേതുരാമയ്യർ വീണ്ടുമെത്തുകയാണ്. ചിത്രം മെയ് ഒന്നിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റിലീസിന് മുന്നോടിയായി ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 29നാണ് ചിത്രത്തിന്റെ പ്രമോ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുക. രാത്രി 8.30, 9 എന്നീ സമയങ്ങളിലാണ് പ്രദർശനം. ഇക്കാര്യം അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. അയ്യരുടെ മുഖം ബുർജ് ഖലീഫയിൽ തെളിയുന്നതിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
അതേസമയം, സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണ ഘടകം നടൻ ജഗതിയാണ്. സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി വീണ്ടും തിരിച്ചു വരുകയാണ്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും.
ആശാ ശരത്താണ് മമ്മൂട്ടിയുടെ നായിക. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും.
1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.