
രാജ്യത്ത് തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി കുവൈത്ത് അധികൃതര്‍. ഇതിനായി റമദാന് മാസത്തില്‍ സമഗ്ര കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ജഹ്റ മുനിസിപ്പാലിറ്റി പബ്ലിക് ഹൈജീന്‍ ആന്റ് റോഡ് വര്‍ക്ക്സ് വിഭാഗം ഡയറക്ടറായ ഫഹദ് അല്‍ ഖാരിഫ അറിയിച്ചു.
മാളുകള്‍ക്കും പബ്ലിക് മാര്‍ക്കറ്റുകള്‍ക്കും മുന്നിലും മെയിന്‍ റോഡുകളിലും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളായി ഇന്‍സ്പെക്ടര്‍മാരെ നിയോഗിക്കും. തെരുവ് കച്ചവടക്കാരുടെ വാഹനങ്ങളും സാധനങ്ങളും പിടിച്ചെടുക്കുക, ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിക്കുക, നോട്ടീസ് നല്‍കുക തുടങ്ങിയ നടപടികളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
പിടിയിലായ കച്ചവടക്കാരുടെ സിവില്‍ ഐ.ഡി നമ്പര്‍ രേഖപ്പെടുത്തി നാടുകടത്തുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് ഫഹദ് അല്‍ ഖാരിഫ പറഞ്ഞു. തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കാനായി രാജ്യത്ത് വലിയ ശൃംഖല തന്നെയുണ്ടെന്നും എന്നാല്‍ തെരുവിലെ കച്ചവടത്തിനായി സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.