
കുമ്പള: മൊഗ്രാല്‍ കൊപ്ര ബസാര്‍ ദേശീയപാതയില്‍ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേല്‍ വീണു ഓട്ടോ തകര്‍ന്നു.
ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം. സന്ധ്യയോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
ദേശീയപാത നിര്‍മാണത്തോടനുബന്ധിച്ച് നിരപ്പാക്കാന്‍ കുഴിയെടുത്ത ഭാഗത്തുള്ള മരമാണ് കടപുഴകിയത്. അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ച് രാത്രി പത്തു മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.