
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ വികസനത്തിന് 20 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്.
ആശുപത്രിക്കായുള്ള ഓക്സിജൻ പാന്റിന്റെ നിർമ്മാണം നടന്നു വരികയാണ്. ഓക്സിജൻ പ്ലാന്റിൽ നിന്ന് ബെഡുകളിലേയ്ക്ക് ഓക്സിജൻ എത്തിക്കുന്നതിനുള്ള പൈപ്പിങ് സംവിധാനം ഏർപ്പെടുത്തുന്നതിനാണ് ബജറ്റിൽ തുക വകയിരുത്തിയത്.
ഓക്സിജൻ പ്ലാന്റുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ജനറേറ്റർ കമ്മീഷൻ ചെയ്തു. മറ്റ് ഇലക്ട്രിക് വർക്കുകളും പൂർത്തിയായി.
ഓക്സിജൻ പ്ലാന്റ് ഈ ആഴ്ച അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 50 ബെഡുകളിലേയ്ക്ക് ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. ഈ പൈപ്പിങ് സംവിധാനം കൂടി പൂർത്തിയായാൽ പദ്ധതി പൂർണ സജ്ജമാകും.
ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനും ഐസൊലേഷൻ വാർഡിനും തുടക്കം കുറിച്ചു. 1.79 കോടി രൂപ ചെലവിലാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്.
എം എൽ എ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും പ്രയോജനപ്പെടുത്തി 140 നിയോജക മണ്ഡലങ്ങളിലും 10 ബെഡുകൾ വീതമുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. നിലവിൽ 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്.