
ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തെ അന്തരീക്ഷ മലിനീകരണം കൂടുതല്‍ രൂക്ഷമായതായി ലോക അന്തരീക്ഷ നിലവാര റിപ്പോര്‍ട്ട്.
ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിലുള്ളവയാണെന്നതാണ് റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നേരിടുന്ന തലസ്ഥാന നഗരം ഡല്‍ഹിയാണെന്ന് 2021ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള പി.എം 2.5 ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
2021ല്‍ മധ്യ ദക്ഷിണേഷ്യയിലെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ 11 എണ്ണവും ഇന്ത്യയിലാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം ഡല്‍ഹിയില്‍ മലിനീകരണ തോതില്‍ 14.6 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020ല്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച വായു ഗുണനിലവാര മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യയിലെ ഒരു നഗരവും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് മലിനമായ ആദ്യ 15 നഗരങ്ങളില്‍ അഞ്ചും ഉത്തര്‍ പ്രദേശിലാണ്. ആദ്യ നൂറിലുള്ള മലിനമായ 63 ഇന്ത്യന്‍ നഗരങ്ങളില്‍ പകുതിയും യു പിയിലും ഹരിയാനയിലുമാണ്.
വാഹനങ്ങളില്‍നിന്നുള്ള പുക, കല്‍ക്കരി ഫാക്ടറികളില്‍നിന്നും മറ്റ് വ്യവസായശാലകളില്‍നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങളും രാസപദാര്‍ത്ഥങ്ങളും ഗാര്‍ഹിക, വ്യവസായ മാലിന്യങ്ങളുമെല്ലാമാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത്. കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ നിരവധി വ്യവസായശാലകളും ഊര്‍ജ പ്ലാന്റുകളുമാണ് ഡല്‍ഹിയില്‍ അടച്ചുപൂട്ടിയത്.