
കൊച്ചി: എല്ലാം കൈവിട്ടുപോയിടത്തുനിന്ന് തിരിച്ചുവരിക. പിന്നെ കരുത്തുകാട്ടി അമ്ബരപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മുന്‍ ഇന്ത്യന്‍ പേസര്‍ എസ്.
ശ്രീശാന്ത് ഒടുവില്‍ ക്രിക്കറ്റ് പ്രേമികളെയാകെ ഞെട്ടിച്ചത് തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെയായിരുന്നു. എന്നാല്‍,ഇപ്പോൾ ഇതാ കളി പൂര്‍ണമായും നിറുത്തിയിട്ടില്ലെന്നും തിരിച്ചുവരുമെന്നും തുറന്നുപറഞ്ഞു ഇന്നലെ താരം.
കൊച്ചി ലുലുമാളിന്റെ ഒമ്പതാം വാര്‍ഷാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രീ തിരിച്ചുവരവിനെ പറ്റി മനസുതുറന്നത്.” ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത്. കളി ഇനിയും ബാക്കിയുണ്ട് കേട്ടോ..” വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ശ്രീശാന്ത് വികാരധീനായി. തിരിച്ചുവരവിന് സൂചന നല്കിയ താരത്തിന്റെ വാക്കുകള്‍ വളരെ ഉത്സാഹത്തോടെയാണ് മാളില്‍ കൂടിയവര്‍ സ്വീകരിച്ചത്.
തന്റെ ഭാഗ്യ നമ്പര്‍ ഒമ്പതാണെന്നും ലുലുമാളിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ അതിഥിയായി എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീ പറഞ്ഞു. ചടങ്ങില്‍ ശ്രീശാന്തിനെ ആദരിച്ചു. നടി മഞ്ജു വാര്യരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചത്.
കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കല്‍ തീരുമാനം എടുത്തതെന്നുമായിരുന്നു ട്വീറ്റ്. രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയുള്ള കളിയായിരുന്നു അവസാനമായി ശ്രീശാന്ത് കളിച്ചത്.