
എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശനത്തിനിടെ സാങ്കേതിക തകരാർ സംഭവിച്ചതില്‍ രോഷാകുലരായി തീയേറ്റര്‍ തല്ലിത്തകര്‍ത്ത് ആരാധകർ. വിജയവാഡയിലെ അന്നപൂര്‍ണ തീയേറ്ററാണ് ഇടയ്ക്കുവെച്ച് പ്രദര്‍ശനം നിന്നുപോയതിന് ഫാന്‍സ് ആക്രമിച്ചത്.
7.30ന് ആരംഭിച്ച പ്രദര്‍ശനം സാങ്കേതികത്തകരാറുകൾ മൂലം 8.40ന് അപ്രതീക്ഷിതമായി നിന്നുപോയതോടെയാണ് ഫാന്‍സ് രോഷാകുലരായത്. പ്രദര്‍ശനം നിന്നുപോയ ഉടന്‍ തിയേറ്റര്‍ അധികൃതര്‍ സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചെങ്കിലും ആക്രമണത്തിൽ പിന്തിരിയാന് ഫാന്‍സ് തയ്യാറായിരുന്നില്ല.
തീയേറ്ററിലെ കസേരകള്‍ നശിപ്പിച്ച ആരാധകർ ശേഷം സ്ക്രീന്‍ തകര്‍ക്കാനും ശ്രമിച്ചു. പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് കടക്കുന്ന വാതിലുകൾ നശിപ്പിച്ച അക്രമികൾ പുറത്തിറങ്ങി തിയേറ്ററിന്റെ ജനല്‍ ഗ്ലാസുകള്ളും എറിഞ്ഞു പൊട്ടിച്ചു.
പ്രദര്‍ശനം പുനരാരംഭിച്ചിട്ടും ഫാന്‍സ് അക്രമം നിർത്താതെ വന്നതോടെ തിയേറ്റര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അക്രമികളില്‍ പലരും മദ്യപിച്ചിരുന്നുവെന്ന് പറഞ്ഞ പൊലീസ് പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേന്ദ്രകഥാപാത്രങ്ങളായി ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ കൂടാതെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേട്റ്ററുകളിൽ നിന്നും ലഭിക്കുന്നത്.