
വടക്കേക്കാട്: പുന്നയൂർ പഞ്ചായത്തിലെ ജല ഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.
എടക്കഴിയൂർ സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിൽ ലാബിൽ പ്രവർത്തനം നടത്തണമെന്ന് എം എൽ എ പറഞ്ഞു. സംസ്ഥാനത്ത് തന്നെ മാതൃകാപരമായ പദ്ധതിയാക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹയർസെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജലത്തിന്റെ നിറം, ഗന്ധം, പിഎച്ച് മൂല്യം, വൈദ്യുതചാലകത, ലവണ സാന്നിധ്യം, ഖര പദാർത്ഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, നൈട്രറ്റിന്റെ അളവ്, അമോണിയയുടെ അളവ് എന്നിവയാണ് ജലശുദ്ധിയുമായി ബന്ധപ്പെട്ട് ലാബുകളിൽ പരിശോധിക്കുക.
കെമിസ്ട്രി അധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി വിദ്യാർത്ഥികൾ ആയിരിക്കും പരിശോധന നടത്തുക. പരിശോധന ഫലത്തോടൊപ്പം പരിഹാരമാർഗ്ഗങ്ങളും പൊതുജനങ്ങൾക്ക് നൽകും .
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വീട്ടിപറമ്പ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ഷിഹാബ്, സ്കൂൾ മാനേജർ ആർ പി ബഷീർ തുടങ്ങിയവർ പങ്കെടുത്തു.