
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി.
ചൊവ്വാഴ്ച അര്‍ധരാത്രി 12 വരെ രണ്ടുദിവസം നീളുന്ന പൊതുപണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ മേഖലയും പണിമുടക്കിന്റെ ഭാഗമാവുമെന്നാണു നേതാക്കള്‍ നല്കുന്ന വിശദീകരണം.
ബിഎംഎസ് ഒഴികെയുള്ള 20ഓളം തൊഴിലാളി സംഘടനകളാണു പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയും പൊതുഗതാഗതം നിശ്ചലമാവുകയും ചെയ്യും.
കെഎസ്ആര്‍ടിസി ഇന്നും നാളെയും അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമായി നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവരെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സര്‍വീസ് സംഘടനകള്‍ ഉള്‍പ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതിയായി മാറുമെന്നാണ് വിലയിരുത്തൽ.