
പുന്നയൂർ: വനിതാ ക്ഷേമ പദ്ധതികൾക്ക് പത്ത് ലക്ഷം വകയിരുത്തി പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് .
2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെയും ഓക്സിലറി ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി വനിതാ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത് .
വനിതകൾക്കായി കായിക പരിശീലനം, തൊഴിൽ പരിശീലനം, സാംസ്കാരിക കേന്ദ്രം, വനിതാ സഹകരണ സംഘം എന്നിവ പ്രാവർത്തികമാക്കും.
ഓട്ടോ ഡ്രൈവിംഗ് പരിശീലനം, ചകിരി സംഭരണ സംസ്കരണ യൂണിറ്റ്, തയ്യൽ പരിശീലനം ,ചിപ്സ് നിർമ്മാണം, കരകൗശല നിർമ്മാണ പരിശീലനം, എന്നിവയാണ് സ്ത്രീകളുടെ സ്വയം തൊഴിലിനു വേണ്ടി പഞ്ചായത്ത് ആവിഷ്കരിക്കുന്ന പദ്ധതികൾ.
യോഗ, കരാട്ടെ, കളരി തുടങ്ങിയ കായിക പരിശീലനങ്ങൾക്ക് പ്രാധാന്യം നൽകും.
മന്ദലാംകുന്ന്, പഞ്ചവടി ബീച്ചുകൾ പോലുള്ള പൊതുയിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രം, സ്ത്രീ സൗഹ്യദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇപ്രകാരം പഞ്ചായത്തിലെ പൊതുയിടങ്ങളെ സ്ത്രീ സൗഹൃദ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
പഞ്ചായത്തിൽ വിദ്യാഭ്യാസ സർവ്വേ നടത്തി വിദ്യാഭ്യാസപരമായി പിന്നോട്ട് നിൽക്കുന്ന സ്ത്രീകൾക്ക് പഠന സൗകര്യം ഒരുക്കും. തൊഴിലിലും പൊതുപ്രവർത്തനത്തിനും താത്പര്യമുള്ള സ്ത്രീകൾക്ക് അതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കി സമൂഹത്തിൽ തുല്യ പരിഗണന നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച് സ്ത്രീ – ബാലസൗഹൃദ പഞ്ചായത്താകാൻ ഒരുങ്ങുകയാണ് പുന്നയൂർ. പഞ്ചായത്തിൽ നിന്നും കിട്ടുന്ന സേവനങ്ങൾ ലിംഗ വ്യത്യാസമില്ലാതെ ലഭ്യമാക്കി എല്ലാ മേഖലകളിലും സ്തീകൾക്ക് തുല്യത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രൻ പറഞ്ഞു.