ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, (സിഇആർടി) ആണ് മുന്നറിയിപ്പ് നൽകിയത്.
ആൻഡ്രോയിഡ് 10, ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12 ഓഎസ് ഉപഭോക്താക്കൾക്കാണ് രൂക്ഷമായ സുരക്ഷാപ്രശ്നം കാണിച്ചാണ് മുന്നറിയിപ്പ്.
ഈ ആൻഡ്രോയിഡ് പതിപ്പുകൾ നിലവിൽ ആളുകൾ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയതും പുതിയതുമായ സ്മാർട്ഫോണുകളിൽ ഉള്ളവയാണ്.
നിരവധി സുരക്ഷാ പ്രശ്നങ്ങൾ ആൻഡ്രോയിഡ് ഓഎസുകളിൽ ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇവ ദുരുപയോഗം ചെയ്പ്പെട്ടാൽ മറ്റൊരാൾക്ക് വിവരങ്ങൾ ചോർത്താനും, മറ്റ് രീതിയിലുള്ള സൈബറാക്രമണങ്ങൾ നടത്താനും സാധിക്കും.
ആൻഡ്രോയിഡ് റൺ ടൈം, ഫ്രേയിം വർക്ക് കംപോണന്റ്, മീഡിയാ ഫ്രെയിംവർക്ക്, കെർനർ, മീഡിയാ ടെക്, ക്വാൽകോം എന്നിവയിലെ കംപോണന്റുകൾ, ക്വാൽകോം ക്ലോസ്ഡ് സോഴ്സ് കംപോണന്റുകൾ, സിസ്റ്റം എന്നിവയിലാണ് പ്രശ്നങ്ങൾ ഉള്ളതെന്ന് സിഇആർടി വ്യക്തമാക്കി.
ഈ പ്രശ്നങ്ങൾ ഗൂഗിൾ തിരിച്ചറിഞ്ഞ് ഈ മാസം ആദ്യം പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം അതിൽ പരിഹരിച്ചിട്ടുണ്ടെന്നാണ് ആൻഡ്രോയിഡ് സെക്യുരിറ്റി ബുള്ളറ്റിൻ പറയുന്നത്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾ എത്രയും വേഗം ഫോണുകൾ അപ്ഡേറ്റ് ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്. സെറ്റിങ്സിൽ സിസ്റ്റം അപ്ഡേറ്റ് പരിശോധിച്ച് അപ്ഡേറ്റുകൾ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഇത് കൂടാതെ, ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്കും സിഇആർടി സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്രോം ബ്രൗസറിലെ സുരക്ഷാ പ്രശ്നം ദുരുപയോഗം ചെയ്ത് മറ്റൊരാൾക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നാണ് മുന്നറിയിപ്പ്.