
ഡൽഹി ഗോകുൽപൊരിയിൽ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേര് മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉറക്കത്തിനിടയിൽ ആയതിനാൽ കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ അറുപതോളം കുടിലുകൾ കത്തിനശിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്ത് പരിശോധന നടത്തിവരികയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥലം സന്ദർശിച്ചു.
പുലർച്ചെ ഒരു മണിയോടെ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്ല പറഞ്ഞു. തുടര്‍ന്ന് പുലർച്ചെ 4 മണിയോടെ തീ അണക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുശോചനം രേഖപ്പെടുത്തി.