
അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ–യുക്രെയ്ന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. ജനുവരി ഒന്നിന് ക്രൂഡ് ഓയിൽ വില ബാരലിന് 89 ഡോളറായിരുന്നു. വില 100 ഡോളര്‍ കടന്നത് ഫെബ്രുവരി 22നാണ്. യുദ്ധം തുടങ്ങിയത് 24നാണ്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാളെ ഉയരാന്‍ സാധ്യത.
റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയേക്കാമെന്ന സൂചനകൾക്കു പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ – ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകും.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് ഇന്ത്യയിൽ അവസാനമായി പെട്രോൾ ഡീസൽ വില ഉയർന്നത്.
രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനികനീക്കം ആഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയിൽ റഷ്യ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റഷ്യയിൽ ഉൽപ്പാദനം നടക്കുന്നുണ്ടെങ്കിലും എണ്ണ വാങ്ങിക്കാൻ ആരും വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകൾ ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതുവരെ ഒരു രാജ്യവും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോൾ ദിവസം 10 ലക്ഷം ബാരൽ നഷ്ടം റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉണ്ട്. ക്രൂഡോയിൽ വിലയ്ക്ക് പുറമേ വാതക വിലയും റെക്കോർഡ് ഉയരത്തിൽ ആണ്.
റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാൽഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. റഷ്യയിൽനിന്നുള്ള എണ്ണയുടെ വലിയ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. യുദ്ധത്തിൽ യുക്രൈൻ ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങളിൽ അധികവും. അന്താരാഷ്ട്ര തലത്തിൽ റഷ്യൻ ബാങ്കുകൾക്കെതിരെ കടുത്ത നിലപാട് വന്നത് റഷ്യയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് വലിയ തിരിച്ചടിയാണ്.