
വധഗൂഢാലോചനാ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പരാമർശിച്ച വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച്. ഇയാൾ കേസിൽ ആറാം പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം അറസ്റ്റുണ്ടാകുമെന്നും എസ്.പി മോഹനചന്ദ്രൻ പറഞ്ഞു. കോടതിയിൽ ഇന്ന് തിരിച്ചടി ഉണ്ടാകാതെ പ്രാഥമിക വാദമായിരുന്നു നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദീലീപിന് കൈമാറുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപും കൂട്ടരും വധഗൂഢാലോചന നടത്തിയപ്പോഴും ശരത് ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി.
ബാലചന്ദ്രകുമാറിന്റെ മൊഴികൾ സാധൂകരിക്കും വിധം വധഗൂഢാലോചനയ്ക്ക് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ക്രൈംബ്രാഞ്ച് അവകാശപ്പെട്ടു. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.