
സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 28 ന് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ആസൂത്രണഭവന്‍ ഹാളിലും ഓണ്‍ലൈനിലുമായി ചേര്‍ന്ന ആസൂത്രണ സമിതിയോഗമാണ് നിര്‍ദ്ദേശം നല്‍കിയത്.
പ്രാദേശിക വിനോദ കേന്ദ്രത്തിനും വികസനത്തിനാവശ്യമായിവരുന്ന ആകെ തുകയുടെ 60 ശതമാനം തുകയോ പരമാവധി 50 ലക്ഷം രൂപ വരെ സര്‍ക്കാര്‍ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.
അതനുസരിച്ച് പ്രാദേശിക സാധ്യതകള്‍ ഉള്‍പ്പെടുത്തി സമഗ്രമായ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകുന്ന തരത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്.
ജില്ലയില്‍ പൊതുശ്രദ്ധയില്‍ വരാത്ത ഒട്ടനവധി പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇത് ഒരു മുതല്‍കൂട്ടാവുകയും ജില്ലയുടെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്വുണ്ടാക്കുന്നതുമാണ് ഈ പദ്ധതി.