
ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പുതിയ അറിവുകള്‍ തേടി ലോകസഞ്ചാരം നടത്തുകയാണ് ടോര്‍ബനും മിഖായേലും.
ഇരുവരും ജര്‍മന്‍ സ്വദേശികളായ ദമ്പതികള്‍. പന്ത്രണ്ടു വര്‍ഷത്തിനിടെ 90 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇവര്‍ കേരളത്തിന്റെ ഹരിത ഭംഗിയും കായലഴകും ആസ്വദിക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലുമെത്തി.
രണ്ടു കുഞ്ഞുങ്ങളെയും കൂട്ടിയാണ് ഇവരുടെ മുഴുവന്‍ യാത്രയും. കേരളത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന വ്യത്യസ്തമായ ഭൂപ്രകൃതി ആസ്വദിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ വഴി യാത്രചെയ്യുകയായിരുന്നു ഈ കുടുംബം.
ദേശീയപാതയിലൂടെ യാത്രചെയ്ത ഒരു പത്രപ്രവര്‍ത്തകനാണ് അപകടകരമായ ആ കാഴ്ച കണ്ടത്. കാരവാന് വാഹനത്തിന്റെ മേല്‍ഭാഗത്ത് ഒരു വശത്തായി തുറന്നുകിടക്കുന്ന വെന്റിലേറ്ററിലൂടെ ഒരു കുഞ്ഞിന്റെ കാല് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നു. മറ്റ് വാഹനം തട്ടാനും കുഞ്ഞ് താഴെ വീണ് അപകടം പറ്റാനും സാധ്യത ഏറെ.
വാഹനം സാമാന്യം വേഗത്തില്‍ ആയതിനാല്‍ ഡ്രൈവറെ വിവരം ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഹൈവേയിലൂടെ ഇത്തരത്തില്‍ അപകടകരമായി കാരവാന് ഓടുന്ന വിവരം അദ്ദേഹം സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററില്‍ അറിയിച്ചു.
ഉടനടി പോലീസ് ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ നിന്ന് ഹൈവേയിലെ എല്ലാ പോലീസ് വാഹനങ്ങള്‍ക്കും അലര്‍ട്ട് മെസേജ് അയച്ചു. അപ്പോഴേക്കും വാഹനം ആലപ്പുഴ പിന്നിട്ടിരുന്നു.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് സമീപത്തായി ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കിലോ-32 ഹൈവേ പട്രോള്‍ സംഘം വാഹനം കണ്ടെത്തി.
പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വാഹനം റോഡരികില്‍ നിര്‍ത്തിച്ച് ഡ്രൈവറെ വിവരം ധരിപ്പിച്ചു. പോലീസ് അറിയിച്ചപ്പോള്‍ മാത്രമാണ് വാഹനം ഓടിച്ചിരുന്ന ടോര്‍ബനും മുന്‍സീറ്റില്‍ ഒപ്പം ഇരുന്നിരുന്ന മിഖായേലും മേല്‍ത്തട്ടില്‍ വെന്റിലേറ്ററിന് സമീപം ഇരുന്ന് കുഞ്ഞ് അപകടകരമായി കളിക്കുകയായിരുന്നു എന്ന വിവരം മനസിലാക്കിയത്.
ഉയരം കൂടിയ വാഹനങ്ങള്‍ സമീപത്തു കൂടി പോകുമ്പോള്‍ കുഞ്ഞിന് അപകടമായേക്കാം എന്ന് പോലീസ് ദമ്പതികളെ ധരിപ്പിച്ചു. ശ്രദ്ധയോടെ സുരക്ഷിതമായി ലോകയാത്ര തുടരാനും നിര്‍ദ്ദേശിച്ചു.
സബ്ബ് ഇന്‍സ്പെക്ടര്‍ മോഹനന്.പി.എസ്, സി.പി.ഒ ഫ്രെനി ഫ്രാന്‍സിസ്, ഡ്രൈവര്‍ സി.പി.ഒ സാബു.പി എന്നിവരടങ്ങിയ പോലീസ് സംഘം ലോകസഞ്ചാരം നടത്തുന്ന ഈ ചെറു കുടുംബത്തിന് ശുഭയാത്ര ആശംസിച്ച് യാത്രയാക്കി.