വാസ്കോ: കോവിഡ് പിടിച്ച് കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഒരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ. പരാജയമറിയാത്ത 10 മത്സരങ്ങളെന്ന റെക്കോഡുമായി കുതിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ ബംഗളൂരുവിനോട് ഏകപക്ഷീയമായ ഒരു ഗോള്‍ തോല്‍വി സമ്മതിച്ചിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് പരിശീലനം പോലുമില്ലാതെ നീണ്ട നാളുകള്‍ക്കു ശേഷം ആദ്യമായിറങ്ങിയ കളിയില്‍ താളം കണ്ടെത്താന്‍ വിഷമിച്ചതാണ് വിനയായത്. തോല്‍വി മറന്ന് വീണ്ടും വിജയത്തിലേക്ക് തിരികെയെത്താനാകും ഇവാന് വുകോമാനോവിച്ചിന്റെ സംഘം ഇന്ന് ഇറങ്ങുക. പട്ടികയില്‍ അവസാനത്തിലുള്ള നോര്‍ത്ത് ഈസ്റ്റാകട്ടെ കഴിഞ്ഞ കളിയില്‍ ഹൈദരാബാദിനോട് എതിരില്ലാത്ത അഞ്ചു ഗോള്‍ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലും.
ഇന്നും പഴയ കോവിഡ് കാലം ബ്ലാസ്റ്റേഴ്സിനെ വിടാതെ പിന്തുടര്ന്നാല് കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്കുള്ള പ്രയാണം ദുഷ്കരമാകും. വിജയവും തോല്‍വിയുമല്ല, കാത്തിരിക്കുന്ന ആരാധകര്ക്കായാകും ഇനിയുള്ള കളികളെന്ന് പറയുന്നു, പരിശീലകന് വുകോമാനോവിച്ച്.