
കടപ്പുറം: മുനക്കകടവ് ഫിഷ് ലാന്റിങ് സെന്റര്‍ ഹാര്‍ബര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ സര്‍വേയറുടെ നേതൃത്വത്തില്‍ സ്ഥലത്തിന്റെ അളവെടുപ്പ് നടന്നു.
ഫിഷ് ലാന്റിങ് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മത്സ്യ ബന്ധനമേഖലയില്‍ ജോലിചെയ്യുന്നവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഫിഷ് ലാന്റിങ് സെന്റര്‍ ഹാര്‍ബര്‍ ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കുകയും മന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ഹാര്‍ബറിനായി സ്ഥലം കണ്ടെത്തിയാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് രണ്ടര ഏക്കര്‍ പുറമ്പോക്ക് ഭൂമി കണ്ടെത്തുകയായിരുന്നു.
ഈ സ്ഥലം അളന്നു തിട്ടപ്പെടുന്നതിനാണ് ജില്ലാ സര്‍വേയര്‍ സ്ഥലത്തെത്തിയത്. സ്ഥലം കണ്ടെത്തിയതോടെ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്ത്തനനങ്ങള് ഉടനെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖലയിലെ തൊഴിലാളികള്‍.
നിലവില്‍ ഫിഷ് ലാന്റിങ് സെന്ററിന് 70 മീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. അത് 200 മീറ്റര്‍ എങ്കിലും ആയി വര്‍ധിപ്പിക്കണം. 70ബോട്ടുകളും 15 വള്ളങ്ങളും നിലവില്‍ മുനക്കകടവില്‍ ഉണ്ട്.
ഫിഷ് ലാന്ന്റിങ് സെന്റര്‍ ഹാര്‍ബര്‍ ആയി ഉയര്‍ത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വികസനമുണ്ടാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.