
സില്‍വര്‍ ലൈന്‍- അര്‍ധ അതിവേഗ റെയില്‍വേ ലൈന്‍ പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി.
തൃശൂര്‍, ചാലക്കുടി, കുന്നംകുളം, മുകുന്ദപുരം താലൂക്കുകളിലെ 36 വില്ലേജുകളിലാണ് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം സാമൂഹികാഘാത പഠനം നടത്തുക. കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസ്, കോട്ടയം എന്ന സ്ഥാപനമാണ് പഠനം നടത്തി റിപ്പോര്‍ട്ട് സര്‍പ്പിക്കുക.
പദ്ധതി ബാധിക്കുന്ന ഭൂമിയുടെ അളവ്, കുടുംബങ്ങളുടെ എണ്ണം, വീടുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കുക.
ഏറ്റെടുക്കുന്ന ഭൂമി നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും തുടങ്ങിയ കാര്യങ്ങളും പഠനത്തിന്റെ ഭാഗമാണ്.
100 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും. തൃശൂര്‍ ജില്ലയില്‍ 36 വില്ലേജുകളിലായി 67 കിലോമീറ്ററിലാണ് പാത കടന്നു പോകുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിന്ന് 148.6745 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.
സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാവുന്നതോടെ തൃശൂരില്‍ നിന്ന് ഒരു മണിക്കൂര്‍ 56 മിനുട്ട് കൊണ്ട് തിരുവനന്തപുരത്തേക്കും ഒരു മണിക്കൂര്‍ 58 മിനുട്ട് കൊണ്ട് കാസര്‍ക്കോട്ടേക്കും 44 മിനുട്ടില്‍ കോഴിക്കോട്ടേക്കും 31 മിനുട്ടില്‍ എറണാകുളത്തേക്കും യാത്ര ചെയ്ത് എത്താന്‍ സാധിക്കും.