
ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ നടപടിയാണ് മന്ത്രി ഇടപെട്ട് നിർത്തിവെപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു, ഇറങ്ങുന്നതിനിടെ അവശനായി കാൽ വഴുതി വീഴുകയായിരുന്നു.